തിരുവനന്തപുരം : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം പോരാട്ടത്തിന്റെ തലത്തിലേക്ക്.
ഇത് വരെ നടത്തി വന്നിരുന്ന സമരത്തിന്റെ ദിശ മാറ്റിക്കൊണ്ട് ആശാ പ്രവർത്തകർ നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കും. ഏഴായിരത്തോളം ആശാ പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. രാവിലെ മുതൽ വൈകിട്ടു വരെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സെക്രട്ടേറിയറ്റിലേക്കു കടക്കാൻ അനുവദിക്കാതെയായിരിക്കും ഉപരോധമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
എന്നാൽ ആശാപ്രവർത്തകരുടെ ധർമ്മ സമരത്തെ എന്ത് വിലകൊടുത്തും തകർക്കാൻ ഉറച്ചാണ് പിണറായി സർക്കാരിന്റെ നീക്കം. ഇതിനുള്ള മറയായി നാളെ ആശാ പ്രവർത്തകർക്ക് പാലിയേറ്റീവ് കെയർ ആക്‌ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവയെ സംബന്ധിച്ച പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർമാർ മുഖേന നോട്ടിസ് നൽകി. വിവിധ സമയക്രമങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ എല്ലാ ആശാ പ്രവർത്തകരെയും പങ്കെടുപ്പിക്കണമെന്നും പങ്കെടുക്കുന്നവരുടെ ഹാജർ വിവരം മെഡിക്കൽ ഓഫിസർ പരിശോധിച്ച് അന്നുതന്നെ ജില്ലാ ഓഫിസിലേക്ക് അയയ്‌ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.















