സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് കുടുംബം. റഹ്മാന്റെ മകൻ അമീൻ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷമാണ് ആരോഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്‌ക്കും നന്ദിയെന്നും അമീൻ സോഷ്യൽമീഡിയയിൽ കുറിച്ചു.
നിർജ്ജലീകരണം കാരണമാണ് പിതാവിന്റെ ആരോഗ്യനില മോശമായത്. ചില പരിശോധനകൾ നടത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനായി ഇരിക്കുകയാണ്. വിവരം അറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയെന്നും അമീൻ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് റഹ്മാനെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രോഗ്രാം കഴിഞ്ഞ് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് റഹ്മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.















