സ്കോപ്യോ (Skopje): നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 50 പേർ വെന്തുമരിച്ചു. നോർത്ത് മാസഡോനിയയിലെ (North Macedonia) കോകാനിയിലുള്ള നിശാക്ലബ്ബാണ് തീപിടിച്ചത്. ഇതിനോടകം 51 പേരുടെ മരണം സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസിയാണ് മരണസംഖ്യ റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തലസ്ഥാന നഗരമായ സ്കോപ്യോയിൽ നിന്ന് 100 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ക്ലബ്ബിലാണ് അപകടം. രാത്രി രണ്ടുമണിയോടെയാണ് അഗ്നിബാധയുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നോർത്ത് മാസഡോനിയയിലെ പ്രമുഖ ഹിപ്-ഹോപ് താരമായ എഡിഎന്നിന്റെ (ADN) തത്സമയ പ്രകടനം നടന്നിരുന്നതിനാൽ നിരവധി പേരാണ് നിശാക്ലബ്ബിൽ ഒത്തുകൂടിയിരുന്നത്.
കോൺസേർട്ടിൽ പങ്കെടുക്കാൻ 1500-ലധികം പേർ എത്തിയിരുന്നു. തീ ആളിക്കത്തിയതിന് പിന്നാലെ ജനങ്ങൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തിരക്ക് വെല്ലുവിളിയായി. സ്റ്റേജിൽ തീപ്പൊരി ഉണ്ടാവുകയും ഇത് മേൽക്കൂരയിലേക്ക് കത്തിപ്പടരുകയും ചെയ്തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.















