ചെന്നൈ: മദ്യനയകുംഭകോണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ, മുതിർന്ന വനിത നേതാവ് തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയാണ് പൊലീസ് അനാവശ്യവാദം ഉന്നയിച്ച് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിക്കാണ് പ്രതിഷേധം നടത്താനിരുന്നത്. ഇതിന് മുന്നോടിയായിരുന്നു പൊലീസിന്റെ അതിക്രമം.
പ്രതിഷേധ പരിപാടിയിൽ എത്താനിരിക്കെ നേതാക്കളുടെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് തമിഴിസൈ സൗന്ദരരാജൻ പ്രതികരിച്ചു.
മദ്യകുംഭകോണ കേസിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന ഭയമാണ് ഡിഎംകെ സർക്കാരിന് ഉള്ളതെന്ന് അണ്ണാമലൈ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ എന്തിനാണ് തങ്ങളെ തടയുന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാതെ പ്രതിഷേധിച്ചാൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നും അണ്ണാമലൈ ചോദിച്ചു.
തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (TASMAC) ഉൾപ്പെട്ട മദ്യഅഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടത്തുന്നുണ്ട്. 1000 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അമിത വില ഈടാക്കൽ, കൈക്കൂലി, പ്രവർത്തനത്തിൽ ക്രമക്കേട് തുടങ്ങിയ മൂന്ന് എഫ്ഐആറുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.















