ശ്രീനഗർ: കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരവും സമൂഹ്യപ്രവർത്തകനുമായ ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിൽ. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഓറിയും കൂട്ടരും മദ്യപിച്ചത്. യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
വൈഷ്ണോ ദേവീ ക്ഷേത്രത്തിന് സമീപത്തായുള്ള പ്രദേശമാണ് കത്ര. പുണ്യനഗരം എന്നാണ് കത്രയെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ മാംസാഹാരങ്ങൾ ഉപയോഗിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇവിടെയുള്ള ഒരു ഹോട്ടലിലായിരുന്നു പ്രതികളുടെ മദ്യപാനം.
ദർശൻ സിംഗ്, പാർത്ത് റെയ്ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത, ഷാഗുൺ, അനസ്തസില എന്നിവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മദ്യനിരോധിത മേഖലയാണ് ഇതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും യുവാക്കൾ കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. പൊതുജനങ്ങളുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികൾ അനുവദിക്കില്ലെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.