ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞതായി സൂചന. അനന്തരവനും വലംകൈയുമായ അബു ഖത്താലിന്റെ സമാനവിധി തന്നെയാണ് ഹാഫിസ് സയീദിനെയും കാത്തിരിക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധൻ റോബിന്ദർ സച്ച്ദേവ അഭിപ്രായപ്പെട്ടു.
“അബു ഖത്താൽ കൊല്ലപ്പെട്ടു. അതിനർത്ഥം ഹാഫിസിന്റെ ദിവസവും അടുത്തെത്തിയെന്നാണ്. വാളെടുത്തവൻ വാളാൽ എന്നാണല്ലോ, ഹാഫിസ് സയീദിനും സമാനമായ വിധി നേരിടേണ്ടി വന്നേക്കാം. അബു ഖത്താൽ കൊല്ലപ്പെട്ടതോടെ തന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ സയീദ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. സൈന്യത്തിന്റെ സംരക്ഷണം ഉണ്ടെങ്കിലും പാകിസ്താനിൽ ഒരു തീവ്രവാദിയും സുരക്ഷിതനല്ല. ഒരുനാൾ അവരും “വേട്ടയാടപ്പെടും” അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസമാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ അബു ഖത്താൽ കൊല്ലപ്പെട്ടത്. പാക് പഞ്ചാബ് പ്രവിശ്യയിൽ അംഗരക്ഷകനൊപ്പം സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ അക്രമികളുടെ വെടിയേൽക്കുകയായിരുന്നു. ഖത്താലിന്റെ വാഹനത്തിന് നേരെ അക്രമികൾ 15 മുതൽ 20 വരെ റൗണ്ട് വെടിയുതിർത്തതായാണ് വിവരം. അംഗരക്ഷകനും കൊല്ലപ്പെട്ടു. പാക് സൈന്യത്തിന്റേയും ചാരസംഘടനയുടേയും സംരക്ഷണത്തിലായിരുന്നു അബു ഖത്താൽ.
ലഷ്കർ ഇ തൊയ്ബ സ്ഥാപകനും 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമാണ് ഹാഫിസ് സയീദ്. 2024 ജൂൺ 9 ന് നടന്ന റിയാസി ഭീകരാക്രണത്തിന്റെ സുത്രധാരനാണ് അബു ഖത്താൽ. റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ലഷ്കർ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 2023-ലെ രജൗരി ഭീകരാക്രമണത്തിലും അബു ഖത്തലിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ടെത്തിയിരുന്നു.