മുംബൈ: ഛത്രപതി സംഭാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും, ബജ്റംഗ്ദളും. കനത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നാഗ്പൂരിലുണ്ടായത്. പിന്നാലെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ ശാന്തമാണ്. എല്ലാവരും ശാന്തരായിരിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിർദേശം നൽകി. ഫഡ്നാവിസ് ഉൾപ്പെടെയുള്ള നേതാക്കൾ സംഘർഷസ്ഥലം സന്ദർശിച്ചു.
കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലകദ്ഗഞ്ച് ഉൾപ്പെടെ 11 സ്ഥലങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി ആവശ്യങ്ങളല്ലാതെ മറ്റൊന്നിനും ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശിച്ചു. കർഫ്യൂ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ റോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് നാഗ്പൂർ പൊലീസ് കമ്മീഷണർ അറിയിച്ചു.
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും മാറ്റരുതെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും തമ്മിലായിരുന്നു സംഘർഷം. ശവകുടീരം മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനയിലെ അംഗങ്ങൾ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ അജ്ഞാതസംഘം എത്തുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. ചേരിതിരിഞ്ഞ് ഇരുകൂട്ടരും തമ്മിലടിച്ചു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ തകർന്നു.
ഇത്തരത്തിൽ ഇനിയൊരു ആക്രമണങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.















