ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടി20യിലും പാകിസ്താന് തോൽവി. മഴകാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നേടിയത് 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്. കിവീസ് 13.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. അഞ്ചു വിക്കറ്റ് കൈയിലിരിക്കെയാണ് വിജയം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് മുന്നിലാണ് ന്യൂസിലൻഡ്.
പാകിസ്താന്റെ പ്രീമിയം പേസറായ ഷഹീൻ അഫ്രീദിയുടെ ഓരോവറിൽ ടിം സീഫെർട്ട് അടിച്ചെടുത്തത് 26 റൺസായിരുന്നു. നാല് പടുകൂറ്റൻ സിക്സറുകളാണ് ഈ ഓവറിൽ പിറന്നത്. അതിലൊരെണ്ണം ഗാലറിയും കടന്ന് പുറത്തു പോയി. 119 മീറ്ററായിരുന്നു ഇത്. ആദ്യ ഓവർ മെയ്ഡനാക്കിയ ഊർജവുമായാണ് അഫ്രീദി എത്തിയത്. അടിമുടി മാറ്റവുമായാണ് പാകിസ്താൻ രണ്ടാം ടി20ക്ക് ഇറങ്ങിയത്. എന്നാൽ മത്സര ഫലം പഴയത് തന്നെയായിരുന്നു.
സീഫെർട്ട് 22 പന്തിൽ 45 റൺസാണ് നേടിയത്. അഞ്ച് സിക്സും മൂന്നു ഫോറും സഹിതമായിരുന്നു ഇത്. 16 പന്തിൽ 38 റൺസടിച്ച ഫിൻ അല്ലനും തകർത്തടിച്ചു. മിച്ചൽ ഹേ (21), ഡാരിൽ മിച്ചൽ (14) എന്നിവരാണ് മറ്റ് ടോപ് സ്കോറർമാർ. ആദ്യ ഇന്നിംഗ്സിൽ പാകിസ്താന് വേണ്ടി സൽമാൻ ആഗ 46 റൺസെടുത്തു. ജേക്കബ് ഡഫി, ബെൻ സീർസ്, ജെയിംസ് നീഷാം, ഇഷ് സ്വാധി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി.















