ചെന്നൈ: നടനും തമിഴക വെട്രി കഴികം പാർട്ടിയുടെ നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. വിജയിയുടേത് ‘വർക്ക് ഫ്രം ഹോം’ രാഷ്‌ട്രീയമാണെന്നും സ്കൂൾ കുട്ടികളെ പോലെയാണ് രാഷ്‌ട്രീയം കളിക്കുന്നതെന്നും അണ്ണാമലൈ വിമർശിച്ചു. മദ്യഅഴിമതിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തെ വിജയ് ‘നാടകം’ എന്ന് പരാമർശിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ വിമർശനം.
“ഒരു സിനിമയിൽ അഭിനയിക്കുന്നത് പോലെയാണ് വിജയ് രാഷ്‌ട്രീയത്തിൽ നിൽക്കുന്നത്. നടിമാരോടൊപ്പം നൃത്തം ചെയ്യാൻ മാത്രമേ വിജയിക്ക് അറിയൂ. എന്നിട്ട് കുറച്ച് പ്രസ്താവനകളും പുറത്തിറക്കുന്നു. എന്നാൽ ഞങ്ങൾ ഗ്രൗണ്ടിൽ നിന്നാണ് പോരാടുന്നത്. സിനിമകളിൽ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ടാസ്മാക്കിന് കുറിച്ച് പറയാൻ എന്താണ് യോഗ്യത. സിനിമാ സെറ്റിലിരുന്ന് പ്രസ്താവനകൾ നടത്താതെ കളത്തിലിറങ്ങണം. ആരാണ് നാടകം കളിക്കുന്നത്. ബിജെപിയാണോ, വിജയിയാണോ. ഡിഎംകെയുടെ ബി ടീമാണ് തമിഴക വെട്രി കഴകമെന്നും” അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം, സ്റ്റാലിൻ സർക്കാരിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധം പൊലീസ് തടഞ്ഞിരുന്നു. പ്രതിഷേധത്തിന് മുന്നോടിയായി അണ്ണാമലൈ, മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം തുടങ്ങിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.















