ഇന്ത്യൻ പ്രീമിയർ ലീഗിൽ(ഐപിഎൽ) ഏറ്റവും അധികം പരീക്ഷണം നടത്തിയ ടീം ഏതെന്ന് ചോദിച്ചാൽ; ഒറ്റ ഉത്തരമേ അതിനുള്ളു, പഴയ കിംഗ്സ് ഇലവൻ പഞ്ചാബ് എന്ന നിലവിലെ പഞ്ചാബ് കിംഗ്സ്. ഓരോ സീസണിലും പരിശീലകരെയും ക്യാപ്റ്റന്മാരെയും മാറിമാറി പരീക്ഷിക്കുന്ന പഞ്ചാബ് ടീമിന്റെ പേരിലും ഭാഗ്യ പരീക്ഷണം നടത്തി. എങ്കിലും 17 സീസൺ കഴിഞ്ഞിട്ടും കിരീടം ഇന്നും കിട്ടാക്കനിയാണ്. രണ്ടു തവണ പ്ലേഓഫിൽ വന്നതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളില്ല.
17 സീസണുകളിലായി 16 ക്യാപ്റ്റൻമാരാണ് പഞ്ചാബിൽ വന്നുപോയത്. 2014 ന് ശേഷം അവർക്ക് പ്ലേ ഓഫിലേക്ക് കടക്കാനുമായിട്ടില്ല. ഇത്തവണ അവരെ നയിക്കുന്നത് 17-ാം നായകനായ ശ്രേയസ് അയ്യരാണ്. യുവിക്കും സംഗക്കാരയ്ക്കും ഗിൽക്രിസ്റ്റിനും രാഹുലിനും കഴിയാത്ത നേട്ടം ശ്രേയസിന് കഴിയുമെന്നാണ് പഞ്ചാബിന്റെ വിശ്വാസം.
അതാണ് കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ശ്രേയസിനെ ടീമിലെത്തിക്കാൻ പ്രധാന കാരണം. അയ്യരെ 26.75 കോടി രൂപയ്‌ക്കാണ് പഞ്ചാബ് വാങ്ങിയത്. ജയപരാജയങ്ങളുടെ ശരാശരി നോക്കിയാൽ പഞ്ചാബിന്റെ ഏറ്റവും മെച്ചപ്പെട്ട ക്യാപ്റ്റൻ യുവരാജ് സിംഗാണ്. 29 മത്സരങ്ങൾ നയിച്ചപ്പോൾ 17 ജയവും 12 തോൽവിയുമാണ് സമ്പാദ്യം. ആദം ഗിൽക്രിസ്റ്റ് 34 മത്സരങ്ങളിൽ നായകനായപ്പോൾ 17 വീതം തോൽവിയും ജയവുമായിരുന്നു ഫലം. അശ്വിനും രാഹുലും കുമാർ സംഗക്കാരയും എത്തിയപ്പോൾ ജയത്തേക്കാൾ ഏറെ തോൽവിയായിരുന്നു ഫലം.
















