വാഷിംഗ്ടൺ: അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമെത്തിയ ക്രൂ-9 ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നാസയ്‌ക്കും മസ്ക് അഭിനന്ദനങ്ങൾ അറിയിച്ചു. എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം.
അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് മസ്ക് എക്സിൽ കുറിച്ചു.
നാസയുടെയും സ്പേസ് എക്സിന്റെയും കൂട്ടായ ദൗത്യത്തെ വൈറ്റ് ഹൗസും പ്രശംസിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ സംഘത്തെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നതിൽ മസ്കിന്റെ പങ്ക് നിർണായകമാണ്. അവരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. അദ്ദേഹം വാക്ക് നൽകി അത് പാലിച്ചു. ഇലോൺ മസ്ക്, നാസ, സ്പേസ് എക്സ് എന്നിവർക്ക് നന്ദിയെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒമ്പത് മാസത്തിന് ശേഷം ഇന്ന് പുലർച്ചെ 3. 30 ഓടെയാണ് സുനിതയും സംഘവും ഭൂമിലെത്തിയത്. എല്ലാ മുൻകരുതലുകളോടും കൂടിയാണ് സംഘത്തെ പേടകത്തിൽ നിന്നും പുറത്തിറക്കിയത്. ആദ്യം നിക്ക് ഹേഗും രണ്ടാമതായി അലക്സാണ്ടറും ഇറങ്ങി. മൂന്നാമതാണ് സുനിത വില്യംസ് പുറത്തെത്തിയത്. അതിന് പിന്നാലെ ബുച്ച് വിൽമോറും പേടകത്തിൽ നിന്നും പുറത്തിറങ്ങി. നാല് പേരെയും വൈദ്യപരിശോധനയ്‌ക്കായി മാറ്റിയിട്ടുണ്ട്.