ജറുസലേം:ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന ആവശ്യം ഹമാസ് തള്ളിയതോടെ ആണ് ഇത്. ഇസ്രയേല്‍ ഗാസയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാസ സിറ്റിയിലും റഫയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ജനുവരി 19 നു വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിത്.
ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിക്കുകയും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയും മധ്യസ്ഥരും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നിരസിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനോട് വിട്ടുവീഴ്ചയില്ലെന്നും ആക്രമണം ശക്തമാക്കുമെന്നും ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.ഹമാസിന്റെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ മധ്യനിര നേതൃത്വത്തെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി.
യുദ്ധം പുനരാരംഭിച്ചതിലൂടെ ബന്ദികളെ ബലികൊടുക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഹമാസ് ഭീഷണിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പൂര്‍ണ ഉത്തരവാദി നെതന്യാഹുവാണെന്ന് ഹമാസ് പറയുന്നു .നിലവിൽ 59 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് നിഗമനം.















