ഇന്ത്യൻ വംശജയായ സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. മോദിയുടെ വാക്കുകൾ..
വെൽക്കം ബാക്ക് ക്രൂ-9!!! ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു. ധീരതയുടേയും സ്ഥൈര്യത്തിന്റെയും പരീക്ഷണമായിരുന്നു നിങ്ങൾ നേരിട്ടത്. സ്ഥിരോത്സാഹത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് സുനിതയും ക്രൂ-9 സംഘവും ഒരിക്കൽ കൂടി തെളിയിച്ചു. അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യം ദശലക്ഷക്കണക്കിന് മനുഷ്യർക്ക് എന്നെന്നും പ്രചോദനമാകും.
ബഹിരാകാശ പര്യവേഷണമെന്നാൽ മനുഷ്യന്റെ കഴിവുകളുടെ പരിധികളെ മറികടക്കുകയെന്നതാണ്. സ്വപ്നം കാണാൻ ധൈര്യം നൽകുന്നതും ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കുന്നതും അതുവഴിയാണ്. ഈ ആദർശം ജീവിതത്തിലുടനീളം അനുവർത്തിച്ച വഴികാട്ടിയാണ് സുനിത വില്യംസ്!!
സുനിതയുടെയും സംഘത്തിന്റെയും സുരക്ഷിതമായ മടക്കയാത്ര ഉറപ്പവരുത്താൻ കഠിനാധ്വാനം ചെയ്ത ഓരോരുത്തരെയും അഭിമാനത്തോടെയാണ് ഇന്ത്യ കാണുന്നത്. അഭിനിവേശത്തെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധബുദ്ധിയെ സാങ്കേതികവിദ്യ കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് അവർ തെളിയിച്ചു. – നരേന്ദ്രമോദി എക്സിൽ കുറിച്ചു.
എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതയും സംഘവും പേടകത്തിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് നിശ്ചയിച്ചതിലും കൂടുതൽ കാലം ISSൽ തങ്ങേണ്ടി വന്നത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇവരുടെ മടങ്ങിവരവ് പലപ്പോഴും അനിശ്ചിതത്വത്തിലായെങ്കിലും ഒമ്പത് മാസത്തിന് ശേഷം ദൗത്യം വിജയകരമായി. സ്പേസ്എക്സിന്റെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് പുറപ്പെട്ട സുനതിയും മറ്റ് നാലുപേരും മാർച്ച് 19ന് ഭൂമിയിൽ മടങ്ങിയെത്തുകയും ചെയ്തു.