കൊല്ലം: വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി. പ്രതികളുടെ വീട്ടിൽ നിന്ന് 10.5 കിലോ കഞ്ചാവും കണ്ടെടുത്തു.
വീട്ടിൽ എക്സൈസ് സംഘം പരിശോധനയ്‌ക്ക് എത്തിയപ്പോൾ നായയെ തുറന്നുവിട്ട് ആക്രമിക്കാൻ പ്രതികൾ ശ്രമിച്ചു. വിദേശയിനത്തിലുള്ള 3 നായ്‌ക്കൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നും എക്സൈസ് സംഘം വ്യക്തമാക്കി. മനീഷ് MDMA കേസിൽ നേരത്തെ പ്രതിയായിട്ടുള്ളയാളാണ്. അഞ്ച് മാസം മുമ്പ് 103 ഗ്രാം MDMA മനീഷിൽ നിന്ന് പിടികൂടിയിരുന്നു. മനീഷിന്റെ പേരിലുള്ള MDMA കേസിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയപ്പോഴാണ് വളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തിയത്.
ചെടിച്ചട്ടികളിലും നിലത്തും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടായിരുന്നു. വളം നൽകിയാണ് കൃഷി ചെയ്തിരുന്നത്. ഒന്നരമാസം പ്രായമുള്ള 40 സെൻ്റീമീറ്റർ വളർച്ചയുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. ‘മികച്ചയിനം’ വിത്തുകളാണ് കൃഷി ചെയ്തിരുന്നത്.















