മുംബൈ: നാഗ്‌പൂരിൽ ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാൻ ആസൂത്രണം ചെയ്ത ഫഹീം ഷമീം ഖാനെ (Fahim Shamim Khan) പൊലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗത്തിലൂടെ ഇയാൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അക്രമികൾ ലൈംഗികമായി ഉപദ്രവിച്ചതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നാഗ്പൂരിലെ ചിട്ട്നിസ് പാർക്ക് ഏരിയയിൽ മാർച്ച് 17നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ 34 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
തീവ്ര ഇസ്ലാമിസ്റ്റുകൾ ഉൾപ്പെട്ട സംഘർഷം ആസൂത്രണം ചെയ്തത് ഫഹീം ഷമീം ഖാനാണെന്ന് പൊലീസ് കണ്ടെത്തി. തിങ്കളാഴ്‌ച്ച രാത്രി തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ (MDP) പ്രാദേശിക നേതാവായ ഇയാൾ വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തതായി പൊലീസ് പറയുന്നു.
ഛത്രപതി സംഭാജിനഗറിൽ സ്ഥിതിചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ ഖുറാൻ കത്തിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയതും ഫഹീം ഖാൻ ആണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 60-ലധികം പേർ അറസ്റ്റിലാണ്. കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
അക്രമികൾ വനിതാ പൊലീസിനെ ലൈംഗികമായി ഉപദ്രവിച്ചതായും എഫ്‌ഐആറിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കലാപത്തിന് ശ്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് വ്യക്തമാക്കിയിരുന്നു. നാഗ്പൂരിലെ പത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനജ്ഞ തുടരുകയാണെന്നും നിലവിൽ സ്ഥിതി ശാന്തമാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
MDPയെ പ്രതിനിധീകരിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫഹീം ഖാൻ മത്സരിച്ചിരുന്നു. എന്നാൽ 6.5 ലക്ഷം വോട്ടുകൾക്ക് നിതിൻ ഗഡ്കരിയോട് തോറ്റു.















