തിരുവനന്തപുരം: ഇന്നു രാവിലെ 11 മണി മുതൽ ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങും.ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ആശാവർക്കർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചത് . ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്.
ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശമാർ ചർച്ച നടത്തിയപ്പോൾ ഓണറേറിയം വർധനയെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ മാത്രമേ ആവശ്യങ്ങൾ പരിഗണിക്കൂ എന്നും ഇപ്പോൾ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്.
സര്‍ക്കാരിനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തരുതെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. നിങ്ങള്‍ ആവശ്യപ്പെടുന്നതു പോലെ മൂന്നൂറ് ശതമാനം ഓണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ പണമില്ല. അടുത്ത ആഴ്ച കേന്ദ്രത്തില്‍ പോകുന്നുണ്ട്. ചര്‍ച്ച നടത്താം, സമരം നിര്‍ത്തി നിങ്ങള്‍ തിരികെ പോകണം. സമരം അവസാനിപ്പിക്കാന്‍ ഒരു ഫോര്‍മുലയെങ്കിലും മുന്നോട്ട് വെക്കണമെന്ന് ആശമാര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന് പരിഹസിച്ച് പറഞ്ഞയച്ചു. എന്നാണ് റിപ്പോർട്ട് . ഇതോടെയാണ് സമരം കടുപ്പിക്കാൻ ആശമാർ തീരുമാനിച്ചത്.
ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണും.ഇതിനായി അവർ ഡൽഹിയിലേക്കു യാത്ര തിരിച്ചു.