അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിലെ ഒമ്പത് മാസത്തെ ദൗത്യത്തിന് ശേഷം മടങ്ങിയെത്തിയ സുനിത വില്യംസിന് മധുര പലഹാരങ്ങൾ നൽകാനൊരുങ്ങി ഒരു കൂട്ടം മലയാളികൾ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പാരഗൺ ഹോട്ടൽ ഗ്രൂപ്പാണ് സുനിതയ്‌ക്ക് പ്രിയമുള്ള രുചികൂട്ടുകൾ തയാറാക്കാൻ പദ്ധതിയിടുന്നത്.
സുനിതയുടെ ഇഷ്ടവിഭവങ്ങളായ ബീറ്റ്റൂട്ട് ഹൽവയും വാനില ഐസ്ക്രീമും ഒന്നിച്ചുള്ള ഡസൾട്ടാണ് പാരഗൺ ഗ്രൂപ്പ് തയാറാക്കുന്നത്. 2023-ൽ സുനിത പാരഗൺ ഗ്രൂപ്പിന്റെ ദുബായ് കരാമ ഹോട്ടലിൽ എത്തിയിരുന്നു. അന്ന് വിവിധ കോഴിക്കോടൻ വിഭവങ്ങൾ സുനിതയ്‌ക്ക് വിളമ്പി. കഴിച്ച വിഭവങ്ങളിൽ സുനിതയ്‌ക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബീറ്റ്റൂട്ട് ഹൽവയും വാനില ഐസ്ക്രീമുമായിരുന്നു. അന്നൊരുക്കിയ വിഭവങ്ങൾ സുനിതയ്‌ക്കായി വീണ്ടും ഒരുക്കുകയാണെന്ന് പാരഗൺ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ് എം ഡി സുമേഷ് ഗോവിന്ദ് പറഞ്ഞു.
“രണ്ടാമത്തെ ബഹിരാകാശദൗത്യം പൂർത്തിയാക്കിയപ്പോഴായിരുന്നു സുനിത വില്യംസ് പാരഗണിലേക്ക് വന്നത്. പ്രത്യേക വിഭവങ്ങൾക്ക് പുറമേ പരമ്പരാഗത കോഴിക്കോട് വിഭവങ്ങളും അവർക്ക് വിളമ്പിയിരുന്നു. തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണം സമൂസയാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കേരളം സന്ദർശിക്കുമ്പോൾ കോഴിക്കോട്ടെ റെസ്റ്റോറന്റിൽ വരാമെന്നും പറഞ്ഞിരുന്നു”.
അടുത്ത ബഹിരാകാശ യാത്രയ്‌ക്ക് പോകുമ്പോൾ പാരഗണിലെ ബീറ്റ്റൂട്ട് ഹൽവയും ഐസ്ക്രീമും കൊണ്ടുപോകണമെന്ന് സുനിത ആവശ്യപ്പെട്ടതായും സുമേഷ് പറഞ്ഞു. ഹോട്ടലിലെ ഒരു ജീവനക്കാരന്റെ കയ്യിൽ സുനിതയുടെ ഇഷ്ടവിഭവങ്ങൾ തയാറാക്കി അയക്കാനാണ് പാരഗണിന്റെയും മാനേജ്മെന്റിന്റെയും ശ്രമം.















