ഹൈദരാബാദ്: ബെറ്റിംഗ് ആപ്പ് പ്രമോഷൻ ചെയ്ത സംഭവത്തിൽ ടോളിവുഡ് താരങ്ങൾ ഉൾപ്പടെ 25 പേർക്കെതിരെ കേസ്. മിയാപൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടന്മാരായ റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, നടിമാരായ മാഞ്ചു ലക്ഷ്മി, നിധി അഗർവാൾ, പ്രണീത എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്ത സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സിനെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് അഭിനേതാക്കൾക്കെതിരെയും കേസെടുത്തത്.
റാണ ദഗ്ഗുബട്ടിയും പ്രകാശ്രാജും ജംഗിൾറമ്മി പ്രമോട്ട് ചെയ്തതിനും വിജയ് ദേവരകൊണ്ട A23 പ്രമോട്ട് ചെയ്തതിനുമാണ് കേസ്. മാഞ്ചു ലക്ഷ്മി യോളോ 247- ആണ് പ്രമോട്ട് ചെയ്തത്. പ്രണീത ഫെയർപ്ലേയും നിധി അഗർവാൾ ജീത് വിന്നുമാണ് പ്രമോട്ട് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. വെബ്സൈറ്റിൽ പോപ്-അപ് പരസ്യങ്ങളിലൂടെയാണ് ഇവർ ബെറ്റിംഗ് ആപ്പ് പ്രമോട്ട് ചെയ്തത്.















