തിരുവനന്തപുരം: രാജ്യമെമ്പാടും എസ്ഡിപിഐ കേന്ദ്രങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്. സംസ്ഥാനത്ത് പാലക്കാടും കോട്ടയത്തും ആണ് ഇഡി റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് സൂചന. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിൽ കബീർ എന്നയാളുടെ ആഢംബര ഭവനത്തിലാണ് റെയ്ഡ് നടക്കുന്നത്. പ്രവാസിയാണ് കബീർ. ഇയാളുടെ ബന്ധുവിനെ തേടിയാണ് എത്തിയതെന്നും സൂചനയുണ്ട്. ഫെഡറൽ പ്രോബ് ഏജൻസിയുടെ മൂന്ന് ജീവനക്കാരും റെയ്ഡിന്റെ ഭാഗമാണ്. ഡൽഹി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
കോട്ടയത്ത് വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ എസ്ഡിപിഐ നേതാവ് നിഷാദ് നടക്കേമുറിയിലിന്‍റെ വീട്ടിലാണ് പരിശോധന. രാവിലെ 9.30 ഓടെയാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയത്. മിച്ചഭൂമി കോളനിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. എസ്ഡിപിഐ നേതാവായ നിഷാദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ ഡിവിഷണൽ സെക്രട്ടറി ആയിരുന്നു.















