അമരാവതി: ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഉപദേശകനായി ആന്ധ്രാപ്രദേശ് സർക്കാർ നിയമിച്ചു. ഇസ്രോ മുൻ ചെയർമാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറി കെ വിജയാന്ദ് പുറത്തിറക്കി. ഭരണം, ഗവേഷണം, വ്യാവസായ ആപ്ലിക്കേഷനുകൾ, സ്മാർട്ട് സിറ്റികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ബഹിരാകാശവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ സർക്കാരിന് മാർഗനിർദേശങ്ങൾ നൽകുക എന്നതാണ് സോമനാഥിന്റെ ഉത്തരവാദിത്യം.
ഇസ്രോ മുൻ ചെയർമാൻ ഉൾപ്പെടെ നാല് പേരെയാണ് സർക്കാർ ഉപദേശകരമായി നിയമിച്ചത്. ഭാരത് ബയോടെക്കിന്റെ മാനേജിംഗ് ഡയറക്ടർ സുചിത്ര ഇല്ലയെ കൈത്തറി, കരകൗശല വസ്തുക്കളുടെ ഉപദേഷ്ടാവായി നിയമിച്ചു. ബിസിനസ് മേഖലയിൽ സ്വന്തം നിലയിൽ വളർച്ച കൈവരിച്ച സുചിത്ര സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വികസനത്തിനും സാമ്പത്തിക വളർച്ചയ്‌ക്കും പുത്തൻ ഉണർവ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) മേധാവി ജി സതീഷ് റെഡ്ഡിയെ എയ്‌റോസ്‌പേസ് ഡിഫൻസ് മാനുഫാക്ചറിംഗ് ഹബ്ബിന്റെ ഉപദേഷ്ടാവായി നിയമിച്ചു. പ്രതിരോധ മേഖലയിലെ അനുഭവങ്ങളും മറ്റും സംസ്ഥാന സർക്കാരിന് സഹായകമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്താൻ സതീഷ് റെഡ്ഡിക്ക് സാധിക്കും.
സംസ്ഥാന സർക്കാരിന്റെ ആരോഗ്യമേഖലയിൽ സുപ്രധാന സംഭാവന നൽകുന്നതിനായി പ്രശസ്ത ഫോറൻസിക് വിദഗ്ധൻ കെവിപി ഗാന്ധിയെ ഫോറൻസിക് ഉപദേഷ്ടാവായി നിയമിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോറൻസിക് ലബോറട്ടറികൾ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും മാർഗനിർദേശം നൽകുക, ഫോറൻസിക് തെളിവുകൾ ശേഖരിക്കുക, അവ കൈകാര്യം ചെയ്യുക എന്നതാണ് ഗാന്ധിയുടെ ഉത്തരവാദിത്തങ്ങൾ.















