ബെംഗളൂരു: കർണാടകയിൽ സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം അനുവദിക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തം. ബിജെപി അംഗങ്ങൾ ബില്ലിന്റെ പകർപ്പ് കീറി എറിയുകയും നടുത്തളത്തിലിറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ സഭ ബഹളത്തിൽ മുങ്ങിയതിനിടെ കോൺഗ്രസ് സർക്കാർ ബിൽ പാസാക്കി.
സർക്കാർ പുറത്തിറക്കുന്ന നിർമാണ ടെൻഡറുകളിൽ മുസ്ലീം മതത്തിൽപ്പെട്ടവർക്ക് നാല് ശതമാനം സംവരണമെന്ന് വിചിത്രമായ വ്യവസ്ഥയാണ് ബില്ലിന്റെ പ്രധാന ഉള്ളടക്കം. വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബിൽ പിൻവലിക്കണമെന്ന് ബിജെപി ദേശിയതലത്തിൽ ആവശ്യം ഉന്നയിച്ചെങ്കിലും സിദ്ധരാമയ്യ സർക്കാർ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.
ഭരണഘടന വിരുദ്ധമാണ് പുതിയ ബില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഭരണഘടന മതപരമായ സംവരണങ്ങൾ അനുശാസിക്കുന്നില്ല. വിദ്യാഭ്യാസ പരമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് പിന്നാക്ക സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ബിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടും.
നേരത്തെ സംസ്ഥാന ബജറ്റിലും മുസ്ലീങ്ങൾക്കായി പ്രത്യേക പ്രഖ്യാപനങ്ങളുണ്ടായിരുന്നു. മുസ്ലീങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഐഐടികൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കോടികളാണ് നീക്കിവെച്ചത്. കൂടാതെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് 150 കോടി മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടെൻഡർ പ്രീണനം.















