മലയാള സിനിമാ മേഖലയിൽ തന്റേതായ ഇടംനേടിയെടുക്കാനുള്ള യാത്രയിൽ അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് മനസുതുറന്ന് ബേസിൽ ജോസഫ്. ആദ്യ സിനിമ എടുക്കുന്ന സമയത്ത് തനിക്ക് 25 വയസായിരുന്നു പ്രായമെന്നും സ്കൂൾ പിള്ളേരെല്ലാവരും കൂടി സിനിമ എടുക്കാൻ വന്നിരിക്കുകയാണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“ആദ്യ സിനിമയായ കുഞ്ഞിരാമായണം ചെയ്യുമ്പോൾ എനിക്ക് 24 വയസായിരുന്നു. എന്റെ ടീമിലുള്ള എല്ലാവർക്കും 25 വയസിൽ താഴെയായിരുന്നു പ്രായം. ആ സമയത്ത് നമ്മുടെ ആത്മവിശ്വാസം തന്നെയായിരുന്നു അവിടെ വർക്കായത്”.
“നല്ല ആത്മവിശ്വാസത്തോടെ തന്നെയാണ് കുഞ്ഞിരാമായണം ചെയ്യാനിറങ്ങിയത്. എന്റെ പ്രായമൊന്നും അന്ന് വലിയ കാര്യമാക്കിയിരുന്നില്ല. സീനിയർ ആക്ടേഴ്സും ലൈറ്റ് യൂണിറ്റിലുള്ള ആളുകളുമൊക്കെ ഇവനെന്താണ് ചെയ്യാൻ പോകുന്നത് എന്ന രീതിയിൽ നോക്കിയിരുന്നു”.
കാമറമാന് 21 വയസ്, എഡിറ്ററിന് 24 വയസ് അങ്ങനെ എല്ലാവർക്കും 25-ൽ താഴെ പ്രായം. ഇതെന്താടാ എല്ലാവരും സ്കൂൾവിട്ട് വന്നതാണാേ എന്നതായിരുന്നു സംസാരം. സീനിയർ ആക്ടേഴ്സിന് ആദ്യത്തെ കുറച്ച് ദിവസം പല സംശയങ്ങളും വരാം. പക്ഷേ, നമ്മൾ ആത്മവിശ്വാസത്തോടെ നിന്നാൽ അവരും നമുക്കൊപ്പമുണ്ടാകുമെന്നും ബേസിൽ ജോസഫ് പറഞ്ഞു.