നാളെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഐപിഎൽ പൂരത്തിന് കൊടിയേറുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഉദ്ഘാടന മത്സരത്തിൽ രഹാനെ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ നൈറ്റ് റൈഡേഴ്സ് രജത് പാട്ടിദാർ നയിക്കുന്ന ആർ.സി.ബിയെ നേരിടും. എന്നാൽ നാളെ കാലാവസ്ഥ പ്രതികൂലമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഉദ്ഘാടനമടക്കം നാളെ വലിയൊരു ഷോ തന്നെ നടത്തുന്നുമുണ്ട്. മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഓറഞ്ച് അലർട്ടാണ് നാളെ നൽകിയിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഞായറാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊൽക്കത്തയിൽ നാളെ 74 ശതമാനമാണ് മഴ പ്രവചിക്കപ്പെടുന്നത്. ഇത് 97 ശതമാനത്തിലേക്ക് മാറാനും സാദ്ധ്യതയുണ്ട്. വൈകിട്ട് 90 ശതമാനമാണ് സാദ്ധ്യത പ്രവചിക്കപ്പെടുന്നത്. അതേസമയം ഈഡൻ ഗാർഡൻസിലെ ഒരു മത്സരവും മാറ്റിവച്ചിരുന്നു. ലക്നൗവിനെതിരെയുള്ള കൊൽക്കത്തയുടെ ഏപ്രിൽ ആറിലെ മത്സരമാണ് മാറ്റിവച്ചത്. രാം നവമിയോട് അനുബന്ധിച്ചാണ് മത്സരം മാറ്റിവച്ചത്.















