തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ബാഗിന്റെ വില കേട്ട് ഞെട്ടി സൈബർ ലോകം. കഴിഞ്ഞ ദിവസം മന്ത്രി ‘എന്തിനോ വേണ്ടി’ നടത്തിയ ഡൽഹി സന്ദർശനത്തിനിടെ തോളിലുണ്ടായ ബാഗിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയത്
‘എംപോറിയോ അർമാനി’ എന്ന ലോകോത്തര ബ്രാൻഡിന്റെ ബാഗാണ് ഇതെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. പിന്നാലെ ബാഗിന്റെ വില എത്രയെന്ന ചോദ്യമായി. ഒടുവിൽ ലളിത ജീവിതം എന്ന വലിയ വായിൽ പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള മന്ത്രിയുടെ ബാഗിന് ചുരുങ്ങിയത് 35,000 രൂപയെങ്കിലും വിലവരുമെന്നും കണ്ടെത്തി.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്മായ ആഢംബര ബ്രാൻഡുകളിൽ ഒന്നാണ് അർമാനി. 1977ൽ ജോർജിയോ അർമാനി എന്ന് ഇറ്റലിക്കാരനാണ് ബ്രാൻഡ് സ്ഥാപിക്കുന്നത്. അന്ന് മുതൽ ഇങ്ങോട്ട് സെലിബ്രേറ്റികളുടെയും സമ്പന്നരുടെയും സ്റ്റാറ്റസ് സിംമ്പൽ കൂടിയാണ് അർമാനി. 1981ൽ യുവാക്കളെ ലക്ഷ്യമിട്ട് അർമാനി ലോഞ്ച് ചെയ്ത മറ്റൊരു ബ്രാൻഡാണ് എംപോറിയോ അർമാനി. ബാഗുകൾ, കണ്ണടകൾ തുടങ്ങി ആഭരണങ്ങൾ വരെ ഈ ബ്രാൻഡിൽ പുറത്തിറങ്ങുന്നുണ്ട്. 10,000 മുതൽ ഒന്നരലക്ഷം വരെയാണ് അർമാനി ബാഗിന്റെ വില. ഇതാണ് മന്ത്രിയുടെ കയ്യിലുണ്ടായിരുന്നത്.
വീണ ജോർജ് വിലകൂടിയ ബാഗ് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. ലളിതജീവിതവും ഉന്നത ചിന്താഗതിയും എന്നാണ് തങ്ങളുടെ ആപ്തവാക്യം എന്നാണ് കമ്യൂണിസ്റ്റുകാർ പറയുന്നത്. ആപ്പിൾ വാച്ച് ധരിച്ച് നടന്നതിന്റെ പേരിലാണ് സിപിഎം യുവനേതാവും ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവുമായ ഋതബ്രത ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്നൊരു അങ്ങാടിപ്പാട്ടുണ്ട്. അപ്പോൾ പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മന്ത്രി എംപോറിയോ അർമാനി ബാഗ് കൊണ്ട് നടക്കുന്നത് ചർച്ചയാക്കുന്നതിൽ സോഷ്യൽ മീഡിയയെ കുറ്റം പറയാൻ കഴിയില്ല.