കൊൽക്കത്ത: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിന് ഭീഷണിയായി പ്രതികൂല കാലാവസ്ഥ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനാണ് മഴ വെല്ലുവിളിയുയർത്തുന്നത്. ഉദ്ഘാടന ദിവസം കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായാൽ മത്സരം പൂർണമായും ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ദക്ഷിണ ബംഗാളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രവചനമുണ്ടായിരുന്നു. മത്സരത്തിന്റെ തലേന്ന്, അതായത് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ തുടർച്ചയായി പെയ്ത മഴ കാരണം കെകെആറിനും ആർസിബിക്കും പരിശീലന സെഷനുകൾ അവസാനിപ്പിക്കേണ്ടി വന്നു. വൈകുന്നേരം 5 മണിയോടെ പരിശീലനം ആരംഭിച്ചെങ്കിലും, പിന്നീട് 6 മണിയോടെ മഴ പെയ്തതിനാൽ ഗ്രൗണ്ട് സ്റ്റാഫ് മറ്റ് നടപടിയിലേക്ക് നീങ്ങി. കളിക്കാർ പരിശീലനം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 7 :30 നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ടോസ് സമയം 7 മണിക്കാണ്. മത്സരത്തിന് മുമ്പ്, ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങിൽ ശ്രേയ ഘോഷാൽ, കരൺ ഔജ്‌ല, ദിഷ പതാനി തുടങ്ങിയവരുടെ പരിപാടികളും ഉണ്ടാകും. ഗ്രൗണ്ടിലെ കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷത്തിന് നിലവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോസിന് മുമ്പ് തെളിഞ്ഞ ആകാശം കാണാൻ കഴിയുമെന്നും ഓവറുകൾ നഷ്ടപ്പെടുത്താതെ കൃത്യസമയത്ത് കളി ആരംഭിക്കാൻ കഴിയുമെന്നുമാണ് ഇരു ടീമുകളുടെയും പ്രതീക്ഷ.