ഇടുക്കി: തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം പുറത്തെടുത്തു. കലയന്താനിയിലെ ഗോഡൗണിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗോഡൗണിലെ മാൻഹോളിൽ ആയിരുന്നു മൃതദേഹം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിസിനസ് പങ്കാളിയും ക്വട്ടേഷൻ സംഘാംഗങ്ങളും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവർ തൊടുപുഴ, എറണാകുളം സ്വദേശികളാണ്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കലയന്താനി ചെത്തിമറ്റത്തെ കാറ്ററിംഗ് ഗോഡൗണിൽ തിരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചത്. ഇവിടെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്തയുള്ള മാൻഹോളിലായിരുന്നു മൃതദേഹം. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് കരുതുന്നത്.
കസ്റ്റഡിയിലുള്ള ബിസിനസ് പങ്കാളി ജോമോനും ബിജുവും തമ്മിൽ നടത്തിയ ബിസിനസിൽ നഷ്ടം വരികയും ജോമോന് കൊടുക്കാനുള്ള പണം ബിജു നൽകാതിരിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.















