നിയാമി: തെക്കുപടിഞ്ഞാറൻ നൈജറിലെ മസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത് 44 സാധാരണക്കാരെയെന്ന് റിപ്പോർട്ട്. ഭീകരാക്രമണത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൊക്കോറോയിലെ ഫോംബിറ്റയിലുള്ള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മസ്ജിദിലാണ് ആക്രമണം നടന്നത്. റംസാൻ വ്രതത്തോട് അനുബന്ധിച്ച് ഉച്ചപ്രാർത്ഥനയ്‌ക്കായി നിരവധി പേർ ഇവിടെയെത്തിയിരുന്നു. അതിനിടെയാണ് സായുധരായ നിരവധി ജിഹാദികൾ മസ്ജിദിലേക്ക് ഇരച്ചെത്തി വെടിയുതിർത്തത്. ഇതിന് ശേഷം പ്രദേശത്തുള്ള വീടുകൾക്കും മാർക്കറ്റിനും അക്രമികൾ തീയിടുകയും ചെയ്തു.
നൈജർ, ബർക്കിന ഫാസോ, മാലി എന്നീ രാജ്യങ്ങളുടെ ത്രിരാഷ്‌ട്ര അതിർത്തി മേഖലയാണ് കൊക്കോറോ. പശ്ചിമാഫ്രിക്കയിലെ ജിഹാദി കലാപത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയായ EIGS ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് നൈജർ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.















