മുംബൈ: നാഗ്പൂരിലെ ആക്രമങ്ങളിൽ പൊതുസ്വത്ത് നശിപ്പിച്ച കലാപകാരികളിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ചെലവ് നൽകിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അക്രമം അവലോകനം ചെയ്യുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
“എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കലാപകാരികളിൽ നിന്ന് ഈടാക്കും. അവർ പണം നൽകിയില്ലെങ്കിൽ, അവരുടെ സ്വത്തുക്കൾ വിറ്റു വീണ്ടെടുക്കും. ആവശ്യമുള്ളിടത്തെല്ലാം ബുൾഡോസറുകളും ഉപയോഗിക്കും,” ഫഡ്നവിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഛത്രപതി സംഭാജിനഗറിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ പ്രതിഷേധത്തിനുനേരെയാണ് ഒരു സംഘം അക്രമം അഴിച്ചുവിട്ടത്.
ഏറ്റുമുട്ടലിൽ മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ (ഡിസിപിമാർ) ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു , നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 104 പേരെ അറസ്റ്റ് ചെയ്തതായി ഫഡ്‌നവിസ് പറഞ്ഞു. കലാപത്തിൽ ഉൾപ്പെട്ടവർക്കോ കലാപകാരികളെ സഹായിക്കുന്നവർക്കോ എതിരെ പൊലീസ് നടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെയും കൂട്ടുപ്രതികളാക്കും. ഇതുവരെ 68 സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.















