മലയാളികൾക്ക് സുപരിചിതമല്ലാത്ത കാഴ്ചപ്പാടുകൾ പങ്കുവച്ച് കേരളത്തിൽ ചർച്ചയായി മാറിയ വ്യക്തിത്വമാണ് മൈത്രേയൻ. കുടുംബം, വിവാഹം, പ്രണയം, ജനാധിപത്യം, ലഹരിമരുന്നുകൾ എന്നീ വിഷയങ്ങളിലൊക്കെ തീർത്തും വേറിട്ട ചിന്താഗതികളാണ് മൈത്രേയൻ പങ്കുവെക്കാറുള്ളത്. ഇതിൽ പല അഭിപ്രായപ്രകടനങ്ങളും വലിയ വിവാദത്തിനും വഴിവച്ചിരുന്നു.
സാമൂഹികപരമായി താനൊരു രാഷ്‌ട്രീയക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന, ആധുനികലോകത്ത് ആധുനികമനുഷ്യൻ എങ്ങനെയാകണമെന്ന് നിർദേശിക്കുകയും ആധുനികമനുഷ്യനായാണ് താൻ ജീവിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മൈത്രേയൻ അടുത്തിടെ നൽകിയ അഭിമുഖമാണ് ഇപ്പോൾ പുതിയ വിവാദം. നടനും സംവിധായകനുമായ പൃഥ്വിരാജിനെക്കുറിച്ച് മൈത്രേയൻ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ പോസ്റ്ററായി പ്രചരിച്ചിരുന്നു. ഇതിന്മേൽ വിവാദം ആളിപ്പടർന്നതോടെ വിശദീകരണം നൽകിയിരിക്കുകയാണ് മൈത്രേയൻ. പൃഥ്വിരാജിനോട് നിരുപാധികം മാപ്പുചോദിച്ചുകൊണ്ടാണ് മൈത്രേയൻ വിശദീകരണം നൽകിയത്.
താൻ അഭിമുഖത്തിൽ പറഞ്ഞ കാര്യം ഇതുപോലെ പോസ്റ്റർ ആയി വരുമെന്ന് കരുതിയില്ലെന്നാണ് മൈത്രേയൻ പറയുന്നത്. പൃഥ്വിരാജിനെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ താൻ ഖേദിക്കുന്നുവെന്ന് പറഞ്ഞ് നിരുപാധികം മാപ്പ് ചോദിച്ച മൈത്രേയൻ, പൃഥ്വിരാജിന്റെ സിനിമ കാണുമെന്ന് വാക്കുനൽകുകയും ചെയ്തു.
“പൃഥ്വിരാജ് ഇതുവരെ ഒരുനല്ല സിനിമ എടുത്തതായി ഞാൻ കേട്ടിട്ട് പോലുമില്ല” എന്നായിരുന്നു മൈത്രേയന്റെ വിവാദ പരാമർശം. ഇത് പോസ്റ്ററായി പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ക്ഷമാപണവുമായി ‘ആധുനികമനുഷ്യൻ’ രംഗത്തെത്തിയത്.















