തിരുവനന്തപുരം: പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷവും അഭിമാനവുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടി പ്രവർത്തകർക്കും സംസ്ഥാന-ദേശീയ നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസംഗം രാജീവ് ചന്ദ്രശേഖർ ആരംഭിച്ചത്.
കേരളത്തിൽ വികസന മുരടിപ്പാണെന്നും മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റം കൊണ്ടുവരാൻ എൻഡിഎ അധികാരത്തിൽ വരണം, വോട്ടു ശതമാനം ഉയർത്തുകയാണ് ആദ്യ ലക്ഷ്യം. വികസനം വന്നില്ലെങ്കിൽ യുവാക്കൾ നാട് വിട്ട് പോകുന്നത് തുടരും. നിക്ഷേപം വരണം. നമ്മുടെ കുട്ടികൾക്ക് ഇവിടെ ജോലി ചെയ്ത് മികച്ച ഭാവി സൃഷ്ടിക്കാൻ ആകണം. ഇതായിരിക്കണം നമ്മുടെ ദൗത്യം. നരേന്ദ്രമോദി സർക്കാരിന്റെ വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച് പോരാടണം. മോദി സർക്കാരിന്റെ വികസന സന്ദേശം കേരളത്തിലെ എല്ലാം വീടുകളിലും എത്തണം. വികസിത കേരളത്തിനായി തന്റെ ഇനിയുള്ള സമയം സമർപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
25 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ സംഘടനാ കാര്യങ്ങളും അദ്ദേഹം പരാമർശിച്ചു. മാരാർജി മുതൽ കെ. സുരേന്ദ്രൻ വരെയുള്ള അദ്ധ്യക്ഷൻമാരുടെ കഠിനാധ്വാനത്തിലൂടെയാണ് പാർട്ടി ഇന്ന് കാണുന്ന നിലയിലായത്. ബലിദാനികളുടെയും കുടുംബങ്ങളൊടും എന്നും പാർട്ടി കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . എൻഡിഎ അധീകാരത്തിൽ എത്തിച്ച ശേഷം മാത്രമേ സ്ഥാനത്ത് നിന്ന് മടങ്ങൂ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.















