ഹൈദരാബാദ്: പ്രശസ്ത പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ. ക്ഷേത്രദർശനം നടത്തുന്ന തമന്നയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് എത്തുന്ന വീഡിയോ തമന്ന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ പുതിയ ചിത്രം ഒഡേലയ്‌ക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളിലും തമന്ന പങ്കെടുത്തു. ഒഡേലയുടെ സംവിധായകനായ സമ്പത്ത് നന്ദിയോടൊപ്പമാണ് തമന്ന ക്ഷേത്രത്തിൽ എത്തിയത്. ഒഡേല 2 -ന്റെ പ്രമോഷന്റെ തിരക്കിലാണ് താരം. സമ്പത്ത് നന്ദി, തമന്ന എന്നിവർക്കൊപ്പം ചിത്രത്തിലെ അണിയറ പ്രവർത്തകരും ക്ഷേത്രത്തിൽ എത്തിയിരുന്നു.
ഏപ്രിൽ 17-നാണ് ഒഡേല- 2 തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ഗ്ലാമർ വേഷത്തിൽ നിന്നും ശിവശക്തിയുടെ വേഷം ചെയ്യുന്നതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിൽ തമന്ന അസ്വസ്ഥയായിരുന്നു. ഒരു സ്ത്രീയിൽ നിന്നുള്ള അത്തരമൊരു ചോദ്യത്തോട് തമന്ന പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു.
സ്ത്രീകൾ സ്വയം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് തമന്ന പറഞ്ഞു. സ്ത്രീകൾ സ്വയം ബഹുമാനിച്ചാൽ മാത്രമേ ലിംഗഭേഭമില്ലാതെ മറ്റുള്ളവർ തങ്ങളെ ബഹുമാനിക്കുകയുള്ളൂവെന്നുമായിരുന്നു തമന്നയുടെ മറുപടി.















