വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ പ്രതികൾ റെയിൽവേ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടുപോയി. ആലപ്പുഴയിൽനിന്ന് വടക്കാഞ്ചേരി ജില്ലാ ജയിലിലേക്ക് കൊണ്ടുവന്ന പ്രതികളാണ് രക്ഷപ്പെട്ടത്.
വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന എടത്വ ലക്ഷം വീട് കോളനിയില്‍ വിനീത് (വടിവാള്‍ വിനീത്), കൊല്ലം സ്വദേശി രാഹുല്‍ എന്നിവരാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ എസ്‌കോര്‍ട്ട് വന്നിരുന്ന പോലീസുകാരെ വെട്ടിച്ച് ചാടി പോയത്. വേണാട് എക്‌സ്പ്രസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്നതാണ് ഇവരെ. ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങ് അഴിച്ച് രാഹുലിന്റെ കയ്യില്‍ മാത്രമായി ഇട്ടിരുന്നു. പിന്നാലെ ഇവര്‍ ട്രെയിനിന്റെ എതിര്‍ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. രാഹുല്‍ ടീഷര്‍ട്ടും പാന്റും, വിനീത് വെള്ള ഷര്‍ട്ടും പാന്റും ആണ് ധരിച്ചിരുന്നത്.
തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ 60ലേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ എടത്വ സ്വദേശി വിനീത് (25), കൂട്ടാളി കൊല്ലം പരവൂരിലെ കോട്ടപ്പുറം സ്വദേശി രാഹുല്‍ രാജ് എന്നിവരെ മുൻപ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി നീര്‍ക്കുന്നം കൃഷി ഓഫീസിന് സമീപം അപരിചിതരായ രണ്ടു പേര്‍ നില്‍ക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു എത്തിയ എസ്‌ഐ ഹാഷിമിന്റെ നേതൃത്വത്തില്‍ ഇവരെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്തു. അപ്പോഴാണ് നിരവധി കേസുകളിലെ പ്രതികളാണെന്ന് മനസിലായത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്കിലായിരുന്നു അന്ന് ഇവര്‍ അമ്പലപ്പുഴയില്‍ എത്തിയത്.















