സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 5/243 റൺസാണ് ആതിഥേയർ നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഫോം തുടർന്ന ക്യാപ്റ്റൻ ശ്രേയസിന്റെ കടന്നാക്രമണമാണ് പഞ്ചാബിന് കരുത്തായത്. 27 പന്തിലാണ് താരം സീസണിലെ ആദ്യ അർദ്ധശതകം കുറിച്ചത്. 42 പന്തിൽ 97 റൺസുമായി താരം പുറത്താകാതെ നിന്നു.9 സിക്സും അഞ്ചു ഫോറും സഹിതമാണിത്. അവസാന ഓവറിൽ താരത്തിന് സ്ട്രൈക്ക് ലഭിക്കാതായതോടെ അർഹിച്ച സെഞ്ച്വറിയും നേടാനായില്ല. 16 പന്തിൽ 44 റൺസടിച്ച ശശാങ്കാണ് പഞ്ചാബ് സ്കോർ 240 കടത്തിയത്. ടോസ് നേടിയ ഗുജറാത്ത് നായകൻ ഗിൽ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
23 പന്തിൽ 47 റൺസ് നേടിയ പ്രിയാൻഷ് ആര്യ മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. എന്നാൽ പ്രഭ്സിമ്രാൻ സിംഗ് (5) നിരാശപ്പെടുത്തി. തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് തുടക്കം മുതലെ ആക്രമിച്ച് കളിക്കുകയായിരുന്നു. അസ്മത്തുള്ള ഒമർസായിക്കും (16) തിളങ്ങാനായില്ല. ഗ്ലെൻ മാക്‌സ്‌വെൽ പതിവു പോലെ ഗോൾഡൻ ഡക്കായി. എങ്കിലും ശ്രേയസിന്റെ പവർ ഹിറ്റിംഗ് പഞ്ചാബിന്റെ വേഗതയ്‌ക്ക് കരുത്തു പകർന്നു.
ഇതിനിടെ മാർക്കസ് സ്റ്റോയിനിസും (20) വീണു. റീവേഴ്സ് സ്വീപ്പിന് ശ്രമിച്ചാണ് താരം പുറത്താകുന്നത്. പിന്നാലെ ക്രീസിലെത്തിയ ശശാങ്ക് സിംഗിനെ കൂട്ടുപിടിച്ച് ശ്രേയസ് ഗുജറാത്ത് ബൗളിംഗ് നിരയെ തച്ചുടയ്‌ക്കുന്നതാണ് തുടർന്ന് കണ്ടത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സും ഒരു ബൗണ്ടിയുമടക്കം 24 റൺസാണ് നേടിയത്. സായ് കിഷോറിന് മൂന്ന് വിക്കറ്റ് ലഭിച്ചു. റബാദയ്‌ക്കും റഷീദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയെങ്കിലും തല്ലു വാങ്ങിക്കൂട്ടി.















