തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കഴിഞ്ഞ ദിവസം രാവിലെയാണ് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ശാരദ മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നുപറഞ്ഞത്. ആദ്യം പോസ്റ്റ് പങ്കുവച്ചശേഷം ഡിലീറ്റ് ചെയ്തെങ്കിലും രാത്രിയോടെ വീണ്ടും വിശദമായ കുറിപ്പുമായി ചീഫ് സെക്രട്ടറി എത്തിയിരുന്നു.
തന്റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരു വ്യക്തി മോശമായി രീതിയിൽ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് ആരോപണം. ആദ്യം പോസ്റ്റ് ചെയ്തപ്പോൾ ചില നെഗറ്റീവ് കമന്റുകൾ വന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ വിഷയം ചർച്ച ചെയ്യേണ്ടതാണെന്ന് ചിലർ പറഞ്ഞതിന് പിന്നാലെയാണ് വിശദമായ പോസ്റ്റ് പങ്കുവച്ചത്.
ചീഫ് സെക്രട്ടറി എന്ന നിലയിൽ തന്റെ ഭർത്താവിന്റെ പ്രവർത്തനങ്ങൾ വെളുപ്പും തന്റെ പ്രവർത്തനം കറുപ്പുമാണ് എന്നായിരുന്നു അധിക്ഷേപ പരാമർശം.തന്നെ കറുത്തവളെന്ന് മുദ്രകുത്തിയെന്നും ഇതിൽ താൻ വളരെ അസ്വസ്ഥയാണെന്നും ശാരദ മുരളീധരൻ കുറിപ്പിൽ പറയുന്നു.
“ലജ്ജ തോന്നുന്നു. നിരന്തരം ചില അർത്ഥത്തിൽ കറുപ്പെന്ന് ലേബൽ ചെയ്യപ്പെടുകയാണ്. 50 വർഷമായി ഞാനിത് കേൾക്കുന്നു. കറുപ്പ് മോശമാണെന്ന പ്രതീതി മാറ്റിയത് മക്കളാണ്. കറുപ്പ് ഒരു നിറമാണ്. പക്ഷേ, നല്ല കാര്യങ്ങൾ സൂചിപ്പിക്കാൻ ഒരിക്കലും അതുപയോഗിക്കാറില്ല. എപ്പോഴും മോശം കാര്യങ്ങൾക്കാണ് കറുപ്പ് ഉപയോഗിക്കുന്നത്. അതിന്റെ ആവശ്യമെന്താണ്. സർവവ്യാപിയായ പ്രപഞ്ചസത്യമാണ് കറുപ്പെന്നും” ശാരദ മുരളീധരൻ പറഞ്ഞു.