കോഴിക്കോട്: മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതിൽ വിവാദ പരാമർശവുമായി സമസ്ത. ഇസ്ലാംമത നിലപാടാണ് താൻ ചാനൽ ചർച്ചയിൽ പറഞ്ഞതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തതായി സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറഞ്ഞു. മോഹൻലാൽ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ അത് ഇസ്ലാം വിശ്വാസത്തിന് എതിരാണെന്നായിരുന്നു നാസർ ഫൈസി കൂടത്തായി പറഞ്ഞത്. മുസ്ലിം എന്ന നിലയിലാണ് നിലപാട് പറഞ്ഞതെന്ന ന്യായീകരണമാണ് നാസർ ഫൈസി കൂടത്തായി നിരത്തുന്നത്.
കഴിഞ്ഞ ദിവസം മാധ്യമം മുൻ എഡിറ്ററും ജമാ അത്തെ ഇസ്ലാമി സഹയാത്രികനുമായ ഒ. അബ്ദുളളയാണ് വിവാദത്തിന് തിരികൊളുത്തിയത്. വിമർശനം ശക്തമായതോടെ അബ്ദുള്ള പോസ്റ്റ് പിൻവലിച്ചു. ഇതിന് പിന്നാലെയാണ് അബ്ദുളളയുടെ നിപാടിനെ പിന്തുണച്ച് ചാനലിലൂടെ നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയത്.
ഒരു ഇസ്ലാമത വിശ്വാസി മറ്റുമതസ്ഥരുടെ പൂജയിലും വഴിപാടുകളുടെയും ഭാഗമാകാൻ പാടില്ലെന്ന് നാസർ ഫൈസി കൂടത്തിയുടെ പറയുന്നു. ഇസ്ലാം എന്നാൽ ഏകദൈവ വിശ്വാസമാണ്. അള്ളാഹു മാത്രമേ ദൈവമായിട്ടുള്ളൂ. മറ്റാരെയും ദൈവമായിട്ട് അംഗീകരിക്കുന്നില്ല. അതിനാൽ അള്ളാഹുവിനെ അല്ലാതെ മറ്റാരെയും പ്രാർത്ഥിക്കാൻ പാടില്ലെന്നാണ് ഇസ്ലാംമതം പറയുന്നത്. അത് പാലിക്കാൻ മത വിശ്വാസികൾ ബാദ്ധ്യസ്ഥരാണ്. ഫേസ്ബുക്കിലൂടെയാണ് സമസ്ത നേതാവിന്റെ പ്രതികരണം.