കോഴിക്കോട്: വീട്ടിൽ പ്രസവിച്ചവരെ അവാർഡ് നൽകി ആദരിച്ച സംഭവത്തിൽ ഒടുവിൽ വിവിധ വകുപ്പുകളുടെ ഇടപെടൽ. ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെയാണ് നടപടി. സ്പെഷ്യൽ ബ്രാഞ്ചും ആരോഗ്യ വകുപ്പും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ‘അക്വിഷ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ‘അക്വിഷ്’ എന്ന കൂട്ടായ്മയുടെ ലക്ഷ്യം, ഫണ്ട് എന്നിവ സംബന്ധിച്ചും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. അവാർഡ് സ്വീകരിച്ച യുവതികളുടെ പശ്ചാത്തലവും പരിശോധിക്കും.
മാർച്ച് 25 നാണ് ‘ശരിയത്ത് പ്രസവം അവാർഡ്’ ജനം ടിവി വാർത്തയാക്കിയത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം ശക്തമായ വിമർശനം ഉയർന്നു. ആരോഗ്യ വകുപ്പിന്റെ ഉദാസീനതയും ചോദ്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ വിമർശനം രൂക്ഷമായതോടെയാണ് വകുപ്പിന്റെ ഇടപെടൽ. അതീവ ഗുരുതര വിഷയമായിട്ടും ഇത് സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ ആരോഗ്യവകുപ്പോ മന്ത്രി വീണ ജോർജോ ഇതുവരെ തയ്യാറായിട്ടില്ല.
നിലവിൽ മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വാക്സിനേഷനെതിരായ പ്രചാരണം ശക്തമാണ്. അതിന്റെ തുടർച്ചയാണ് ശരിയത്ത് പ്രസവ പ്രോത്സാഹനവും. കഴിഞ്ഞ ഒൻപത് മാസത്തനിടെ ഒൻപത് കുഞ്ഞുങ്ങളാണ് വിട്ടിലെ പ്രസവത്തിനിടെ മരിച്ചത്. വീട്ടിൽ പ്രസവിക്കുന്നവർ ധീര വനിതകളാണെന്നും മറ്റുള്ളവരും ഇതേ രീതി പിന്തുടരണമെന്നുമായിരുന്നു പരിപാടിയിൽ വനിതാ നേതാവിന്റെ പ്രസംഗം. ബുർഖ ധരിച്ച് മുഖം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് സ്ത്രീകൾ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയത്. പരിപാടിയുടെ ഭാഗമായി വീട്ടിൽ പ്രസവിച്ച കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരുടെ സംഗമം നടന്നിരുന്നു. മതനിയമം കൂട്ടുപിടിച്ച് ഇത്തരം പ്രാകൃത ആശയം പിന്തുടരുന്നവരുടെ കൂട്ടത്തിൽ ഡോക്ടർമാരും എഞ്ചിനിയർമാരും അടക്കമുള്ള വിദ്യാസമ്പന്നരും ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.















