ന്യൂഡൽഹി: കാഞ്ഞങ്ങാട് മൻസൂർ നേഴ്സിംഗ് കോളജിലെ വിദ്യാർത്ഥിനി ചൈതന്യ കുമാരിയുടെ ആത്മഹത്യയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ നാലാഴ്ചയ്‌ക്കം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 7നാണ് മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനിയായ ചൈതന്യകുമാരി (21) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മൂന്നര മാസമായി കോമയിലായിരുന്ന പെൺകുട്ടി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. കാസർക്കോട് പാണത്തൂരിലെ നിർദ്ധന കുടുംബത്തിലെ അംഗമായിരുന്നു. ഹോസ്റ്റലിലെ വാർഡന്റെ മാനസിക പീഡനം താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു.
വാർഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മൻസൂർ ആശുപത്രിക്ക് മുൻപിൽ വിദ്യാർത്ഥികൾ ദിവസങ്ങളോളം കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉണ്ടായ വീഴ്ചയാണ് വാർഡനും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമായത് എന്നാണ് വിവരം. ഈ സമരത്തിന് ഐക്യദാർഢ്യവുമായി യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. വാർഡനായിരുന്ന രജനിക്കെതിരെ ചൈതന്യയുടെ അമ്മ ഓമനയുടെ പരാതിയിൽ കേസെടുത്തിരുന്നു















