പാലക്കാട്: തൊഴുത്തില്‍ നിന്നും മോഷ്ടിച്ച പശുവിനെ കൊന്ന് കാലുകളും കൈയും മുറിച്ചെടുത്തു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്.തലയും ഉടലുമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
പശുക്കളെ വളര്‍ത്തിയാണ് ജയപ്രകാശനും കുടുബവും ജീവിക്കുന്നത്.കറവയുള്ള ഒരുപശുവും മറ്റു രണ്ടു പശുക്കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.
ബുധനാഴ്ച രാത്രി പശുക്കള്‍ക്ക് തീറ്റ നല്‍കിയാണ് ഉറങ്ങാന്‍ പോയത്. വ്യാഴാഴ്ച രാവിലെ പശുവിനെ കറക്കാനായി ചെന്നപ്പോഴാണ് കൂട്ടത്തിലൊന്നിനെ കാണാനില്ലാത്ത വിവരമറിഞ്ഞത്. തുടര്‍ന്ന് വിശദമായ തിരച്ചില്‍ നടത്തുകയായിരുന്നു
മണ്ണില്‍പതിഞ്ഞ പശുവിന്റെ കുളമ്പിന്റെ പാടുകള്‍ നോക്കിയായിരുന്നു തിരച്ചില്‍.വീട്ടില്‍നിന്നും ഒരുകിലോമീറ്ററോളം ദൂരമുള്ള വനാതിര്‍ത്തി വരെ എത്തി. ഇവിടെയുള്ള കാട്ടരുവിയിലായിരുന്നു പശുവിന്റെ ജഡം കണ്ടെത്തിയത്.
മോഷ്ടാക്കള്‍ പശുവിന്റെ രണ്ടു കാലുകളും ഒരു കൈയും മുറിച്ചെടുത്തശേഷം ഇറച്ചിയാക്കി കൊണ്ടുപോയിരിക്കുകയാണ്.എല്ലുകള്‍ സമീപം ഉപേക്ഷിച്ച നിലയിലുമായിരുന്നു.
സംഭവത്തിൽ ജയപ്രകാശ് മണ്ണാര്‍ക്കാട് പോലീസിൽ പരാതി നല്‍കി. പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തി.















