കോഴിക്കോട്: ശമ്പളമില്ലാതെ 5 വർഷം ജോലി ചെയ്ത ശേഷം നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്‌ക്ക് നിയമനാംഗീകാരം. കോഴിക്കോട് താമരശ്ശേരി സ്വദേശി അലീന ബെന്നിക്കാണ് അധ്യാപികയായി നിയമനാംഗീകാരം ലഭിച്ചത്. ആത്മഹത്യ ചെയ്ത് 24 നാളുകൾക്ക് ശേഷമാണ് നിയമന ഉത്തരവ്.
ശമ്പളമില്ലാതെ അഞ്ചുവർഷം ജോലി ചെയ്യേണ്ടി വന്നതിൽ മനംനൊന്ത് അധ്യാപിക ആത്മഹത്യ ചെയ്യുകയായിരുന്നു. താമരശ്ശേരി എ ഇ ഒ നിയമനം നടപടി അംഗീകരിച്ചു.മാർച്ച് 15നാണ് ഉപജില്ല വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ 9 മാസത്തെ ശമ്പള ആനുകൂല്യങ്ങൾ അലീനയുടെ കുടുംബത്തിന് ലഭിക്കും
കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. ഇവർ സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്. 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല. കാട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു.
അധ്യാപികയുടെ ആത്മഹത്യയിൽ താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നാണ് വീഴ്ചപറ്റിയത് എന്നായിരുന്നു മാനേജ്‌മെന്റ് ആരോപിച്ചിരുന്നത്.















