പാലക്കാട്: തദ്ദേശീയ സാങ്കേതിക വിദ്യാ ഉപയോഗിച്ച് കേരളത്തിൽ നിന്നും സൈന്യത്തിന് അത്യാധുനിക ട്രക്ക്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ-ബെമൽ) പാലക്കാട് യൂണിറ്റാണ് ട്രക്ക് നിർമിച്ചിരിക്കുന്നത്.
12 ചക്രങ്ങളാണ് വാഹനത്തിനുള്ളത്. 42 ടൺ ഭാരം വരെ വഹിക്കാൻ ശേഷിയുണ്ട്. പ്രതികൂല കാലാവവസ്ഥയിലും അതീവ ദുഷ്കരമായ ഭൂപ്രദേശങ്ങളിലും അനായാസേന സഞ്ചരിക്കത്തക്ക വിധമാണ് ചക്രങ്ങളുടെ രൂപകൽപ്പന. പ്രധാനമായും ഭാരമേറിയ ആയുധങ്ങൾ കൊണ്ടുപോകാനാണ് ട്രക്കുകൾ ഉപയോഗിക്കുക. സർക്കാർ മേഖലയിൽ ഇത്തരം വാഹനം നിർമിക്കുന്നത് ഇതാദ്യമായാണ്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയ്‌ക്ക് വേണ്ടി വാഹന ഗവേഷണ വികസന സ്ഥാപനം( വിആർഡിഇ) ആണ് ട്രക്ക് വികസിപ്പിച്ചെടുത്തത്. ബെമലിന്റെ ഇൻക്യുബേഷൻ സെന്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ബിഇഎംഎൽ സിഎംഡി ശന്തനു റോയ്, വിആർഡിഇ ഡയറക്ടർ ജി. രാമമോഹന റാവു എന്നിവരുടെ സാന്നിധ്യത്തിലാണ് വാഹനം പുറത്തിറക്കിയത്.















