എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സിനിമ ബഹിഷ്കരിക്കുകയെന്നൊരു നിലപാട് ബിജെപി നേതൃത്വം സ്വീകരിച്ചിട്ടില്ലെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി. ഈ വിഷയത്തിൽ എംടി രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാട്. അത് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പിന്തുണയ്‌ക്കുകയും ചെയ്തു. നിലവിലുള്ള വിവാദങ്ങൾ ബിജെപിക്ക് ഗുണമേ ചെയ്യൂവെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമ്പുരാൻ സിനിമ കണ്ടിട്ടില്ല. സിനിമ കാണാനാണ് തീരുമാനം. എല്ലാവരും കാണണമെന്നാണ് പറയാനുള്ളത്. സിനിമയ്‌ക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ‘എതിർപ്പ്’, അതാണ് ആ സിനിമ കൂടുതൽ ആളുകളെ കാണാൻ പ്രേരിപ്പിക്കുന്നത്. എമ്പുരാൻ നല്ലതാണ് എന്ന അഭിപ്രായം മാത്രമാണ് വന്നിരുന്നതെങ്കിൽ ആരെങ്കിലും ഇത്ര ആവേശം കാണിക്കുമോ? മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ എത്തിയത്. അതിൽ വില്ലൻ കഥാപാത്രമായിരുന്നു മോഹൻലാലിന്റേത്. വലിയ നടനായി പിന്നീട് മാറിയ മോഹൻലാൽ നെഗറ്റീവിൽ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തിൽ എത്തിയത് അതിനുശേഷമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കാൻ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ഒരു സൂപ്പർതാരത്തെപ്പോലെ ബിജെപി ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെക്കുറിച്ച് ചർച്ചകൾ ഉണ്ടാകും. എമ്പുരാൻ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചർച്ച ചെയ്യും. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ മോദിയെക്കുറിച്ച് എന്തായിരുന്നു പറഞ്ഞിരുന്നത്? അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ മോദി ഈ ഉയരത്തിൽ എത്തുമായിരുന്നോ? ഉയരങ്ങളിലേക്ക് ബിജെപി എത്തും. അതിനുവേണ്ടി എല്ലാ വീടുകളിലും എമ്പുരാനെ കുറിച്ച് ചർച്ച ചെയ്യണം. – ജോർജ് കുര്യൻ പ്രതികരിച്ചു.
പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളീഗോപി തിരക്കഥയെഴുതിയ എമ്പുരാനിൽ മോഹൻലാലും പൃഥ്വിരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഗോധ്രാനന്തര കലാപത്തെ ആവിഷ്കരിച്ച രീതി ഏകപക്ഷീയമാണെന്ന വിമർശനത്തിന് പിന്നാലെ വിവാദം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി നേതാക്കൾ ഔദ്യോഗിക നിലപാട് അറിയിച്ചത്.