തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥയുടെ മരണത്തിൽ പരാതിയുമായി കുടുംബം. മകളെ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് പത്തനംതിട്ട സ്വദേശിയായ മേഘയുടെ പിതാവ് മധുസൂദനൻ പറയുന്നത്. ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിക്കെതിരെയാണ് പിതാവിന്റെ ആരോപണം.
മലപ്പുറം സ്വദേശി സുകാന്ത് സുരേഷിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. പലപ്പോഴും മകളുടെ കയ്യിൽ ഭക്ഷണം കഴിക്കാൻ പോലും പൈസ ഇല്ലായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് മധുസൂദനൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസമായിരുന്നു യുവതി മരിച്ചത്. ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു. മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥനുമായി അടുപ്പത്തിലായിരുന്നു പെൺകുട്ടി. ഈ വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് മകളെ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് കുടുംബം കണ്ടെത്തുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.















