പാക് ഭീകരൻ അജ്മൽ കസബിനെ പിടികൂടാൻ സ്വജീവൻ ത്യജിച്ച പൊലീസ് ഓഫീസർക്ക് സ്മാരകം ഉയരുന്നു. സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലെയോടുള്ള ആദരസൂചകമായി മഹാരാഷ്‌ട്ര സർക്കാരാണ് ജന്മനാട്ടിൽ സ്മാരകം നിർമിക്കുന്നത്. സത്താറ ജില്ലയിലെ മൗജെ കെദംബ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച സ്ഥലത്താണ് സ്മാരകം ഉയരുക. ഇതിനായി 13.46 കോടി രൂപ അനുവദിച്ചു.
ആരായിരുന്നു തുക്കാറാം ഓംബ്ലെ?
ഏതോരു ഭാരതീയന്റെയുള്ളിലും തീരാനോവാണ് 26/11 മുംബൈ ഭീകരാക്രമണം. 10 പത്ത് ഭീകരരിൽ അജ്മൽ കസബിനെയാണ് ജീവനോടെ ഇന്ത്യയ്‌ക്ക് കിട്ടിയത്. അജ്മൽ കസബിലൂടെയാണ് മുംബൈ ഭീകാരക്രണത്തിന്റെ പാക് പങ്ക് പുറത്ത് വന്നത്. സ്വന്തം ജീവിതം തൃണവ്തകരിച്ചാണ് കസബിനെ തുക്കാറാം ഓംബ്ലെ പിടികൂടിയത്. ധീര രക്തസാക്ഷിയെ മരണാനന്തരം അശോക ചക്ര നൽകി രാജ്യം ആദരിച്ചു. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം 1991-ലാണ് തുക്കാറാം ഓംബ്ലെ മുംബൈ പൊലീസിൽ ചേർന്നത്.
2008 നവംബർ 26 രാത്രി, ഛത്രപതി ശിവാജി ടെർമിനസ് (സിഎസ്ടി) സ്റ്റേഷനിൽ അജ്മൽ കസബും കൂട്ടാളി അബു ഇസ്മായിലും യാത്രക്കാർക്ക് നേരെ തുരുതുരാ വെടിയുയിർത്ത് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഭീകരരെ പിടികൂടാൻ പൊലീസ് ഗിർഗാവ് ചൗപട്ടിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഭീകരരുടെ കാർ ബാരിക്കേഡുകൾക്ക് സമീപം എത്തിയ ഉടൻ തന്നെ പൊലീസ് വെടിയുതിർത്തു, അബു ഇസ്മായിൽ തത്സമയം കൊല്ലപ്പെട്ടു. അതേസമയം അജ്മൽ കസബ് പൊലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങി, ഇതിനിടെ തുക്കാറാം ഓംബ്ലെ അയാളുടെ നേരെ ചാടിവീണ് എകെ-47 കൈക്കലാക്കി. തോക്ക് നഷ്ടപ്പെട്ട കസബ് ഒരു നിമിഷം പകച്ചു. ഇതിനിടെ മറ്റു പൊലീസുകാർ ചേർന്ന് കസബിനെ കീഴടക്കി. എന്നാൽ വെടിവയ്പ്പിൽ ഗുരുതരമായ പരിക്കേറ്റ തുക്കാറാം ഓംബ്ലെ മരണത്തിന് കീഴടങ്ങി. 2012 നവംബറിലാണ് അജ്മൽ കസബിനെ തൂക്കിക്കൊന്നത്.















