ഗോധ്രയിൽ തീവണ്ടിക്ക് തീ വെച്ചതല്ല തനിയെ തീ പിടിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഇത് പറയുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. മുസ്ലിങ്ങൾ തീയിട്ടുവെന്ന പേരുപറഞ്ഞ് ഗുജറാത്തിൽ കലാപം സൃഷ്ടിക്കുകയാണ് സംഘപരിവാർ ചെയ്തതെന്നും അതാണ് എമ്പുരാനിൽ കാണിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ ഗോധ്രയിൽ 59 ഹിന്ദുക്കളെ ട്രെയിനിൽ ചുട്ടുകൊന്ന സംഭവത്തിൽ 31 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത് തെറ്റാണോ എന്ന ചോദ്യത്തിന് രാഹുൽ കൃത്യമായി ഉത്തരം പറഞ്ഞതുമില്ല.
എമ്പുരാൻ എന്ന സിനിമയിൽ ചരിത്രത്തെ വളച്ചൊടിച്ചെന്ന വിമർശനം ശക്തമാവുമ്പോഴാണ് സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. ഗോധ്രയിൽ ട്രെയിനിന് തീവച്ചതല്ല തനിയെ തീ പിടിച്ചതാണ് എന്നാണ് രാഹുലിന്റെ പ്രതികരണം. എന്നാൽ ഗോധ്രയിൽ തീവണ്ടി കത്തിച്ച് 59 ഹിന്ദുക്കളെ കൊന്ന സംഭവത്തിൽ 31 പേർ കുറ്റക്കാരാണെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി കണ്ടെത്തുകയും അതിൽ 11 പ്രതികൾക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും 2011ൽ വിധിക്കുകയും പിന്നീട് വിചാരണ കോടതി ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചതിനെ കുറിച്ചും ചോദിച്ചപ്പോൾ രാഹുൽ കൃത്യമായ മറുപടി നൽകിയില്ല.
2002 ഫെബ്രുവരി 26ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിൽ നടന്ന തീവെപ്പിനെ കുറിച്ച് ആദ്യം അന്വേഷിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം, സംഭവം കൃത്യമായ ഗൂഢാലോചനയോടെ നടത്തിയ ആക്രമണം ആണെന്ന് വ്യക്തമായിരുന്നു. ആദ്യം കല്ലെറിയും പിന്നീട് പെട്രോളും ഡീസലും തുണികളിൽ മുക്കി തീ കത്തിച്ച് ട്രെയിനിലേക്ക് എറിയുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ സുപ്രീംകോടതി 2008ൽ ആർകെ രാഘവന്റെ നേതൃത്വത്തിലുള്ള മറ്റൊരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചു. തുടർന്ന് മുൻ എസ്‌ഐടിയുടെ കണ്ടെത്തലുകൾ അംഗീകരിക്കുകയാണ് രണ്ടാമത്തെ സംഘവും ചെയ്തത്.
അഹമ്മദാബാദ് കോടതിയുടേയും, ഗുജറാത്ത് ഹൈക്കോടതിയുടേയും കണ്ടെത്തലുകൾ നിലനിൽക്കെയാണ് ഗോധ്രയിലെ തീവെപ്പ് തീപിടിച്ചതാണെന്ന പ്രചാരണം നടക്കുന്നത്. എമ്പുരാൻ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ നറേറ്റീവിനെ ഏറ്റുപിടിച്ച് രാഹുൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തുകയാണ്.















