തിരുവനന്തപുരം: എമ്പുരാൻ സിനിമയിലെ ഏതെങ്കിലും രംഗങ്ങൾ കൊണ്ട് ഹിന്ദു സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എത്ര തരംതാഴ്‌ത്തിയിട്ടും നരേന്ദ്രമോദി ഉയരങ്ങളിൽ എത്തിയിട്ടുണ്ടെന്നും ജോർജ് കുര്യൻ ഓർമിപ്പിച്ചു. സിനിമ എല്ലാവരും കാണണമെന്ന അഭിപ്രായത്തിൽ മാറ്റമില്ലെ. അദ്ദേഹം പ്രതികരിച്ചു.
എമ്പുരാനിലെ രംഗങ്ങൾ നീക്കാൻ തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കലയായാലും, ജീവിതമായാലും മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നത്. സിനിമയിലെ ഭാഗങ്ങൾ കട്ട് ചെയ്യാൻ തീരുമാനിച്ചത് എളിമ കൊണ്ടായിരിക്കുമെന്നും, തിയേറ്ററിന്റെ വാതിലിൽ വരെ പ്രേക്ഷകർ തൂങ്ങി നിൽക്കുന്ന തിരക്കാണല്ലോയെന്നും ജോർജ്ജ് കുര്യൻ പരിഹസിച്ചു.
15 വർഷം മുമ്പത്തെ നറേറ്റീവ് അതേപടി കാണിച്ചാൽ അതിലുള്ള പിശക് എന്താണെന്ന് പുതിയ തലമുറയ്‌ക്ക് മനസിലാകും. സിനിമയ്‌ക്ക് ലഭിക്കുന്ന ജനപ്രീതി കാരണം പ്രേക്ഷകർ ഇടിച്ചു കയറി തിയേറ്ററുകൾ പൊളിഞ്ഞുവീഴാറായി. അതുകൊണ്ടാകാം ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുന്നതെന്ന് ജോർജ്ജ് കുര്യൻ പറഞ്ഞു.
ചിത്രത്തിലെ വിവാദമായ രംഗങ്ങളിൽ ചർച്ചകൾ വ്യാപകമായതിന് പിന്നാലെ മോഹൻലാൽ മാപ്പു പറഞ്ഞ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.