ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. പതിവ് പോലെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. 12 മണിക്ക് ബിൽ പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കാനാണ് കാര്യോപദേശക സമിതിയിൽ തീരുമാനമായത്. ബില്ലിൻ മേൽ എട്ട് മണിക്കൂറോളം ചർച്ച നടക്കും.
ബില്ലിനെ ഏറെ പ്രതീക്ഷയോടെയാണ് മുനമ്പം ജനതയും കേരളവും ഉറ്റുനോക്കുന്നത്. ഇടത്-വലത് മുന്നണികൾ മുനമ്പത്ത് ഒഴുക്കിയത് മുതലക്കണ്ണീരാണോ എന്ന് നാളെ അറിയാം. ഒപ്പം 19 എംപിമാരുടെ നിലപാടും. കെസിബിസിയും സിബിസിഐയും ബില്ലിനെ ഒറ്റക്കെട്ടായി പിന്തുണച്ചത് പ്രതിപക്ഷത്തെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിട്ടുണ്ട്. ബില്ലിനെ എതിർത്താൽ സഭകളുടെ എതിർപ്പ് ഇക്കൂട്ടർ തീർച്ചയായും നേരിടേണ്ടി വരും. അനുകൂലിച്ചാൽ മുസ്ലീം വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ഭയവും.
മുനമ്പം വിഷയം സഭകൾ ഏറ്റെടുത്തതോടെ തള്ളാനും കൊള്ളാനും കഴിയാതെ നിൽക്കുകയാണ് ഇടത്- വലത് എംപിമാർ. മധുരയില്‍ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെന്ന പേരില്‍ സിപിഎം എംപിമാർ ഡല്‍ഹി വിട്ടതോടെ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ മുനമ്പത്തിനൊപ്പമല്ല എന്ന് വ്യക്തമായി. പിന്തുണ നൽകാൻ സമരപ്പന്തലിൽ എത്തിയ വലത് എംപിമാർ ബില്ലിൽ എന്ത് നിലപാട് എടുക്കുമെന്ന ആകാക്ഷയിലാണ് മുനമ്പം ജനത. എന്നാൽ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്ക്കരിക്കുകയെന്ന തന്ത്രത്തിലൂടെ ക്രൈസ്തവ സമൂഹത്തിന് മുന്നിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് ഇവർ നടത്തുകയെന്നാണ് സൂചന.
കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലിൽ മേൽ 14 നിർദ്ദേശങ്ങളാണ് ജെപിസി മുന്നോട്ട് വെച്ചത്. ഈ ശിപാർശകൾ ഉൾക്കൊണ്ട് കൊണ്ടായിരിക്കും പുതിയ ബിൽ. വഖ്ഫ് ബോർഡിന്റെ അനിയന്ത്രിത അധികാരം നിയന്ത്രിക്കാനും നിയമസംവിധാനത്തിനുള്ളിലേക്കും കൊണ്ടുവരാനുമാണ് നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ബിൽ മതസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന തരത്തിലുള്ള വ്യാജ പ്രചരണമാണ് മുസ്ലീം സംഘടനകളും പ്രതിപക്ഷവും നടത്തിയത്.















