ടോസ് നേടി ലക്നൗവിനെ ബാറ്റിംഗിന് അയച്ച പഞ്ചാബ് നായകൻ ശ്രേയസ് അയ്യറുടെ തീരുമാനം ശരിവയ്‌ക്കുന്ന പ്രകടനമായിരുന്നു ബോളിംഗ് നിരയുടേത്. ഐപിഎല്ലിലെ 13-ാം മത്സരത്തിൽ ലക്നൗവിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി പഞ്ചാബ്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ അവർക്ക് സാധിച്ചുള്ളു. 30 പന്തിൽ 44 റൺസെടുത്ത പൂരനാണ് ടോപ് സ്കോറർ. വമ്പൻ അടിക്കാരനായ മിച്ചൽ മാർഷ് ഗോൾഡൻ ഡക്കായി. അർഷദീപിനായിരുന്നു ആദ്യ ഓവറിലെ വിക്കറ്റ്. എയ്ഡൻ മാർക്രം ആക്രമിച്ച് കളിച്ചെങ്കിലും ഫെർഗൂസൺ ദക്ഷിണാഫ്രിക്കൻ താരത്തിന് കടിഞ്ഞാണിട്ടു. 18 പന്തിൽ 28 റൺസായിരുന്നു സമ്പാദ്യം.
ആക്രമണം തുടങ്ങിയ പൂരനെ 12-ാം ഓവറിൽ ചഹലാണ് മാക്സ് വെല്ലിന്റെ കൈകളിലെത്തിച്ചത്. ക്യാപ്റ്റൻ പന്ത് പതിവു പോലെ നിറം മങ്ങി. രണ്ടു റൺസെടുത്ത താരത്തെ മാക്സി തന്നെയാണ് മടക്കിയത്. പിന്നാലെ എത്തിയ ഡേവിഡ് മില്ലറിനും തിളങ്ങാനായില്ല. 18 പന്തിൽ 19 റൺസുമായി മാർക്കോ യാൻസന്റെ പന്തിൽ താരം പുറത്തായി. 12 പന്തിൽ 27 റൺസെടുത്ത അബ്ദുൾ സമദും 33 പന്തിൽ 41 റൺസെടുത്ത ആയുഷ് ബദോനിയും ചേർന്നാണ് ലക്നൗവിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. അർഷദീപിന് മൂന്ന് വിക്കറ്റ് ലഭിച്ചു.