കൊച്ചി: ഇന്ന് വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖ്ഫിന്റെ ഇരകളായ മുനമ്പം ജനതയുടെ പേരില്‍ ഹൈബി ഈഡന്‍ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍. ‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട’ എന്ന് പോസ്റ്ററിൽ താക്കീത് നൽകുന്നു.
മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് കോണ്‍ഗ്രസ് എംപിമാര്‍ വഖ്ഫിനൊപ്പം നിന്നത് പോസ്റ്ററില്‍ ഊന്നി പറയുന്നു. ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരെ വിധിയെഴുതും എന്നും പ്രസ്താവിക്കുന്നു. ‘വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തുവെയ്‌ക്കും.മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ത്ഥനയും ദൈവം കാണാതിരിക്കില്ല’ എന്നും പോസ്റ്ററില്‍ പറയുന്നു.
നിർദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പ്രതിപക്ഷ എംപിമാര്‍ അനുവദിച്ചില്ലെങ്കില്‍ കടലിന്റെ മക്കള്‍ കടലിലേക്ക് ഇറങ്ങുമെന്ന് ഹൈബി ഈഡന്റെ ഓഫീസിന് സമീപം പതിപ്പിച്ചിരിക്കുന്ന മറ്റൊരു പോസ്റ്റർ വ്യക്തമാക്കുന്നു. മുനമ്പത്തെ വഖ്ഫ് അധിനിവേശ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ കടലില്‍ നിന്നുകൊണ്ട് സത്യാഗ്രഹം നടത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. ഈ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പേരിലാണ്















