ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാകും ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും.കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്‌ക്ക് മറുപടി പറയും. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും.
ജെപിസി നിർദേശങ്ങൾ അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാൻ എൻ ഡി എ തീരുമാനിച്ചിട്ടുണ്ട്. ജനതാദൾ യുണൈറ്റഡ്, ടിഡിപി, ലോക് ജനശക്തി പാർട്ടി എന്നിവ ബില്ലിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ.
പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘനകളുടേയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ എത്തുന്നത്. ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷമായ ഇൻഡി സഖ്യത്തിന്റെ നീക്കം . ഇവർ വോട്ടെടുപ്പും ആവശ്യപ്പെടും.
കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലിൽ മേൽ 14 നിർദ്ദേശങ്ങളാണ് ജെപിസി മുന്നോട്ട് വെച്ചത്. ഈ ശിപാർശകൾ ഉൾക്കൊണ്ട് കൊണ്ടായിരിക്കും പുതിയ ബിൽ. വഖ്ഫ് ബോർഡിന്റെ അനിയന്ത്രിത അധികാരം നിയന്ത്രിക്കാനും നിയമസംവിധാനത്തിനുള്ളിലേക്കും കൊണ്ടുവരാനുമാണ് നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ബിൽ മതസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന തരത്തിലുള്ള വ്യാജ പ്രചരണമാണ് മുസ്ലീം സംഘടനകളും പ്രതിപക്ഷവും നടത്തിയത്.















