തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിക്കുന്ന സുകാന്തിനെ ഇതുവരെയും കണ്ടെത്താനാകാതെ പൊലീസ്. മലപ്പുറം സ്വദേശിയായ ഇയാൾ ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ മാസം 24-നായിരുന്നു പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. സഹപ്രവർത്തകനായ സുകാന്ത് എന്നയാൾ മകളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് ലക്ഷത്തിലധികം രൂപ യുവാവിന്റെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തിരുന്നു. ഐബി ഉദ്യോഗസ്ഥയായ മകൾ ഭക്ഷണം കഴിക്കാൻ പോലും പണമലില്ലാതെയാണ് കഴിഞ്ഞിരുന്നത്. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബം പറഞ്ഞു.
ഇന്നലെയാണ് സുകാന്തിനെതിരായ തെളിവുകളുമായി കുടുംബം പേട്ട പൊലീസിനെ സമീപിച്ചത്. മകൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സാധൂകരിക്കുന്ന വിവരങ്ങൾ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം സുകാന്ത് ഇപ്പോഴും ഒളിവിലാണ്. കുടുംബമടക്കം ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.
പ്രതി രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതായി പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സുകാന്തിന്റെ പ്രേരണയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മൂന്നരലക്ഷത്തിന്റെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.















